പാലക്കാട്: എടത്തുനാട്ടുകരയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു. ജനവാസമേഖലയോട് ചേർന്നുള്ള വനത്തിനുള്ളിലാണ് കോട്ടപ്പള്ളി സ്വദേശിയായ ഉമ്മർ വാൽപ്പറമ്പനെ (65) മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലാണ് ഉമ്മർ മരിച്ചതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
രാവിലെ റബർ തോട്ടത്തിൽ ജോലിക്കു പോയ ഉമ്മറിനെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വനത്തിനോടു ചേർന്ന പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് ജില്ലയിൽ കാട്ടാന ആക്രമണം രൂക്ഷമാണ്. കഴിഞ്ഞ മാസം അട്ടപ്പാടിയിൽ വിറക് ശേഖരിക്കാൻ കാട്ടിൽ പോയ വയോധികൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
