കാസര്‍കോട്: ദേശീയപാതയില്‍ കുമ്പളയില്‍ നിര്‍മിക്കാന്‍ നീക്കം ആരംഭിച്ച ടോള്‍ബൂത്തിന്റെ നിര്‍മാണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനമനുസരിച്ച് നടപ്പാക്കാന്‍ ജനപ്രതിനിധികളും ജില്ലാകളക്ടറും ബന്ധപ്പെട്ടവരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചു. അതുവരെ ടോള്‍ബൂത്തിന്റെ നിര്‍മാണം നിറുത്തിവയ്ക്കും. ജില്ലാകളക്ടര്‍ കെ ഇമ്പശേഖരിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ രാവിലെ ചേര്‍ന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. യോഗത്തില്‍ ജില്ലയിലെ എംഎല്‍എ മാരായ എന്‍എ നെല്ലിക്കുന്ന്, സിഎച്ച് കുഞ്ഞമ്പു, എകെഎം അഷ്‌റഫ്, എന്നിവരും രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപിയും ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടര്‍ ഉമേഷ് കെ ഗാറും പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരുമായി പ്രശ്‌നം ചര്‍ച്ചചെയ്യുന്നതിന് ജില്ലയിലെ അഞ്ചു എംഎല്‍എമാര്‍ ഈ ആഴ്ച തിരുവന്തപുരത്ത് പോകും. എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചൊവ്വാഴ്ച ഡല്‍ഹിക്കു പോകുന്നതാണ്. കേന്ദ്ര മരാമത്ത് മന്ത്രി നിധിന്‍ ഗഡ്ഗരിയുമായി ഇക്കാര്യം അദ്ദേഹം ചര്‍ച്ച നടത്തും. ഇരു സംഘങ്ങള്‍ക്കും അധികൃതരില്‍ നിന്ന് ഇതുസംബന്ധിച്ചു ലഭിക്കുന്ന തീരുമാനങ്ങള്‍ ജില്ലാ അധികൃതരും ജനങ്ങളുമായി ചര്‍ച്ച ചെയ്ത് അന്തിമതീരുമാനമെടുക്കാനാണ് ധാരണ. അതുവരെ ടോള്‍ബൂത്തിന്റെ നിര്‍മാണം നിറുത്തിവയ്ക്കാനും യോഗം തീരുമാനിച്ചു.
