കാസര്‍കോട്: കേരളത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പ്രദ്ധതി നടപ്പിലാക്കുമെന്ന് ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. മന്ത്രി ചിഞ്ചു റാണി പറഞ്ഞു. നീലേശ്വരം ക്ഷീരവികസന യൂണിറ്റിന്റെയും ക്ഷീരസഹകരണ സംഘങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ മില്‍മ, മൃഗസംരക്ഷണ വകുപ്പ്, കേരളാ ഫീഡ്‌സ് എന്നിവരുടെ സഹകരണത്തോടെ ഇടയിലക്കാട് സംഘടിപ്പിച്ച നീലേശ്വരം ബ്ലോക്ക് ക്ഷീരകര്‍ഷകസംഗമത്തിന്റെയും ഹൈജീനിക് മില്‍ക്ക് കളക്ഷന്‍ റൂമിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചര്‍മ്മരോഗം മൂലമോ കഠിനമായ ചൂടു മൂലമോ മരണപ്പെടുന്ന പശുക്കള്‍ക്ക് 37,500 രൂപ വീതവും, ചെറിയ പശുക്കള്‍ക്ക് ഇരുപതിനായിരം രൂപ വീതവും, ജനിച്ചപ്പോള്‍ തന്നെ മരണപ്പെടുന്ന പശുക്കള്‍ക്ക് പതിനായിരം രൂപ വീതവും കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കും. അഞ്ച് മുതല്‍ 10 വരെ പശുക്കളെ വാങ്ങുന്ന ക്ഷീരകര്‍ഷകര്‍ക്ക് ബാങ്കുകളില്‍ നിന്നും പലിശരഹിത ലോണ്‍ ലഭ്യമാക്കും. പശുക്കളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഭാഗമായി കൃത്യമായ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനും, സമഗ്ര പോഷകം നല്‍കുന്നതിനുമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിജോണ്‍ ജോണ്‍സണ്‍ കുന്നത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.സി.എം.എം.എഫ് ഡയറക്ടര്‍ പി നാരായണന്‍, എം.ആര്‍.സിഎംപിയു ഡയറക്ടര്‍ കെ സുധാകരന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ വിവി സജീവന്‍, ബികെ ബാവ, എജി അജിത് കുമാര്‍, പിപി പ്രസന്നകുമാരി, മുഹമ്മദ് അസ്ലം, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ ലക്ഷ്മി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിജെ സജിത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുമേഷ് അനില്‍കുമാര്‍, ഖാദര്‍ പാണ്ട്യാല, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ അജിത, പിഎ രാജന്‍, ഡോ. സംഗീത മോഹന്‍, മില്‍മ പി ആന്റ് ഐ ജില്ലാ മേധാവി വി ഷാജി, ക്ഷീര സംഘം പ്രസിഡന്റുമാരായ കെ നാരായണന്‍, പി പി ചന്ദ്രശേഖരന്‍, വിവിധ രാഷ്ട്രീയ പ്രതിനിധികളായ കെ മനോഹരന്‍, എം ഗംഗാധരന്‍, കെ അശോകന്‍, ഉസ്മാന്‍ പാണ്ഡ്യാല തുടങ്ങിയവര്‍ പങ്കെടുത്തു. സംഘാടകസമിതി ചെയര്‍മാന്‍ കെ.മധുസൂദനന്‍ സ്വാഗതവും നീലേശ്വരം ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ കെ.രമ്യ നന്ദിയും പറഞ്ഞു. വിവിധ ക്ഷീര കര്‍ഷകരെ ആദരിക്കുകയും അവാര്‍ഡ് വിതരണം നടത്തുകയും ചെയ്തു.
