ഗാസിയാബാദ്: കനാലിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ട്രാഫിക് പൊലീസ് കോൺസ്റ്റബിൾ മുങ്ങിമരിച്ചു. അങ്കിത് തോമറാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വൈശാലി സെക്ടർ 2 സ്വദേശിനിയായ ആരതിയാണ്(23) ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് ജീവനൊടുക്കാൻ കനാലിൽ ചാടിയത്. ഈ സമയം സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കിത്, ആരതിയെ രക്ഷിക്കാൻ കനാലിലേക്ക് ചാടുകയായിരുന്നു. ഒപ്പം നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. ആരതിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാൽ അങ്കിത് കനാലിലെ ചെളിയിൽ കുടുങ്ങി. മുങ്ങൽ വിദഗ്ധർ അങ്കിതിനെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
