പാലക്കാട്: നാലു വയസ്സുകാരനായ മകനെ കിണറ്റിലെറിഞ്ഞു കൊല്ലാൻ ശ്രമിച്ച കേസിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. വാളയാർ സ്വദേശി ശ്വേതയാണ്(22) പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഭർത്താവുമായി അകന്നു കഴിയുന്ന ശ്വേത, കുട്ടിയെ 15 അടി താഴ്ചയുള്ള കിണറ്റിലേക്ക് എറിയുകയായിരുന്നു. എന്നാൽ കുട്ടി മോട്ടോർപൈപ്പിൽ തൂങ്ങി കിടന്നു. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ പുറത്തെടുത്തത്.
തുടർന്ന് അമ്മ തള്ളിയിട്ടെന്ന് കുട്ടി വെളിപ്പെടുത്തുകയായിരുന്നു. ശ്വേത ഇതു നിഷേധിച്ചു. എന്നാൽ കുട്ടി മൊഴിയിൽ ഉറച്ചു നിന്നതോടെയാണ് അറസ്റ്റ്. ആൾമറയുള്ള കിണറായതിനാൽ കുട്ടിക്ക് ഒറ്റയ്ക്ക് കിണറിന്റെ മുകളിൽ കയറാനാകില്ലെന്ന് പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ ശ്വേതയെ റിമാന്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
