ലക്നൗ: വിവാഹാഭ്യർഥന നിരസിച്ചതിനു പെൺകുട്ടിയെ പാർക്കിൽവച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം. കാൻപുർ സ്വദേശിയായ അമാൻ സോങ്കറാണ് 18 വയസ്സുകാരിയെ ദുപ്പട്ട കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചത്. നീ എന്റെതാ യില്ലെങ്കിൽ നിന്നെ മറ്റാരുടെയും ആകാൻ ഞാൻ അനുവദിക്കില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു കൊലപാതക ശ്രമം.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും സൗഹൃദത്തിലായത്. എന്നാൽ ഇയാൾക്കു ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് മനസിലാക്കിയതോടെ പെൺകുട്ടി ബന്ധത്തിൽ നിന്നു പിന്മാറാൻ ശ്രമിച്ചു. എന്നാൽ വിവാഹത്തിനായി അമാൻ സമ്മർദം ചെലുത്തി. വിസമ്മതിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ ബന്ധുക്കളെയും ഫോണിലൂടെ ഭീഷണിപ്പെടുത്തി.
കഴിഞ്ഞ ദിവസം ഇയാൾ പെൺകുട്ടിയെ പാർക്കിലേക്ക് വിളിച്ചു വരുത്തി. വിവാഹത്തിനു സമ്മതിക്കണമെന്നും അല്ലാത്തപക്ഷം സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. നിരസിച്ചതോടെ പെൺകുട്ടിയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. പാർക്കിലെത്തിയവർ ഇടപെട്ടതോടെ അമീൻ ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
