കോഴിക്കോട്: വടകര പാക്കയില്‍ പ്രൊവിഡന്റ് ഫണ്ട് പാസ്സാക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട പ്രധാനാധ്യാപകന്‍ വിജിലന്‍സിന്റെ പിടിയില്‍. പാക്കയില്‍ ജൂനിയര്‍ ബെയ്‌സിക്ക് സ്‌കൂളിലെ അധ്യാപകന്‍ ഇ.വി രവീന്ദ്രനാണ് പിടിയിലായത്. മൂന്നുലക്ഷം രൂപ അക്കൗണ്ടില്‍ നിന്ന് എടുത്തു നല്‍കാന്‍ ഒരുലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഈ മാസം വിരമിക്കാനിരിക്കെയാണ് കൈക്കൂലി കേസില്‍ അധ്യാപകന്‍ പിടിയിലാകുന്നത്. മൂന്ന് ലക്ഷം രൂപ ലോണ്‍ എടുക്കാനായാണ് അധ്യാപിക പ്രധാനാധ്യാപകനെ സമീപിച്ചത്. ഇതിനിടെയാണ് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് അധ്യാപിക വിവരം വിജിലന്‍സില്‍ അറിയിക്കുകയായിരുന്നു. പരാതിയെക്കുറിച്ച് വിശദമായി അന്വേഷിച്ച വിജിലന്‍സ്, അധ്യാപകന്‍ അയച്ച ശബ്ദസന്ദേശങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് ഇയാളെ വലയിലാക്കാന്‍ തന്ത്രം ആവിഷ്‌കരിച്ചത്. വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം പണം നല്‍കാന്‍ പോയി. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ വിജിലന്‍സ് ഫിനോഫ്തലിന്‍ പൊടി പുരട്ടി നല്‍കിയ നോട്ടും ചെക്കും അധ്യാപിക വടകര ലിങ്ക് റോഡില്‍ വെച്ച് അധ്യാപകന് കൈമാറുകയായിരുന്നു.10,000 രൂപ പണമായും ബാക്കി തുക ചെക്കുമാണ് അധ്യാപിക കൈമാറിയത്. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് അധ്യാപകനെ പിടികൂടിയത്. പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
