കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടികളുടെ മാതാവിന്റെ ആണ്‍സുഹൃത്ത് ധനേഷ് രണ്ട് വര്‍ഷത്തോളം കുട്ടികളെ പീഡിപ്പിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. മാതാവും ആണ്‍സുഹൃത്തും ചേര്‍ന്ന് മദ്യം നല്‍കിയ ശേഷമായിരുന്നു പീഡനം. സുഹൃത്തായ ധനേഷ് കുട്ടികളെ പീഡിപ്പിക്കുന്ന കാര്യം മനസിലായിട്ടും പൊലീസിനെ മാതാവ് അറിയിക്കാതെ മറച്ച് വെച്ചതായും കണ്ടെത്തി. പീഡന വിവരം മറച്ചുവെച്ചതിന് മാതാവിനെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പീഡന വിവരം മൂന്ന് മാസമായി പെണ്‍കുട്ടികളുടെ മാതാവിനു അറിയാമെന്നായിരുന്നു മുന്‍പ് ധനേഷ് നല്‍കിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാതാവിനെ പ്രതി ചേര്‍ത്തത്. ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടികളോട് അവരുടെ സുഹൃത്തുക്കളെ എത്തിച്ചു നല്‍കാന്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളിലൊരാള്‍ തന്റെ സുഹൃത്തിന് ഇതുമായി ബന്ധപ്പെട്ടെഴുതിയ കത്താണ് കേസില്‍ വഴിത്തിരിവായത്. കത്തിനെക്കുറിച്ച് ഇതേ ക്ലാസിലെ അധ്യാപികയുടെ മകള്‍ മാതാവിന്റെ ശ്രദ്ധയില്‍ പെടുത്തി. അധ്യാപിക നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. കേസില്‍ കുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. കുട്ടികളുടെ രഹസ്യ മൊഴിയും ക്ലാസ് ടീച്ചര്‍ അടക്കമുള്ളവരുടെ മൊഴികളുമാണ് കേസില്‍ നിര്‍ണായകം. കേസില്‍ ശാസ്ത്രീയ തെളിവുകളും ലഭിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് കുറ്റപത്രങ്ങളായാണ് സമര്‍പ്പിച്ചത്.
