തിരുവനന്തപുരം: പുലിപ്പല്ല് കേസിൽ റാപ്പർവേടനെ അറസ്റ്റ് ചെയ്തതിന് സ്ഥലം മാറ്റിയ റേഞ്ച് ഓഫീസറിന്റെ ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി കേരള അഡ്മിനിസ്ട്രേറ്റീസ് ട്രൈബ്യൂണൽ,. കോടനാട് റേഞ്ച് ഓഫിസറായിരുന്ന അധീഷ് രവീന്ദ്രനാണ് ഹർജി സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വിവരങ്ങൾ മാധ്യമങ്ങളോടു പങ്കുവച്ചതിനാണ് അധീഷിനെ സ്ഥലം മാറ്റിയത്.
എന്നാൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന പ്രതിഷേധത്തിന്റെ ഭാഗമാണ് സ്ഥലം മാറ്റമെന്ന് ആരോപിച്ച് അധീഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേരള അഡ്മിനിസ്ട്രേറ്റീസ് ട്രൈബ്യൂണലിനെ സമീപിക്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.
കേസ് അന്വേഷണത്തിനിടെ വേടന് ശ്രീലങ്കൻ ബന്ധമുണ്ടെന്നത് ഉൾപ്പെടെ സ്ഥിരീകരണമില്ലാത്ത കാര്യങ്ങൾ അധീഷ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ശ്രീലങ്കൻ വംശജയാണ് വേടന്റെ അമ്മയെന്നും അതിനു കേസുമായി ബന്ധമുണ്ടെന്നുമായിരുന്നു പരാമർശം. പിന്നാലെ വിശദ അന്വേഷണം നടത്താൻ വകുപ്പ് മേധാവിക്ക് വനം മന്ത്രി നിർദേശം നൽകി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അധീഷിനെ സ്ഥലം മാറ്റിയത്. എന്നാൽ അധീഷിനെതിരായ നടപടിക്കെതിരെ കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. നടപടി തിരുത്തിയില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.
