കാസര്‍കോട്: പെരിയ, നവോദയ നഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സര്‍വ്വീസ് സ്‌റ്റേഷന്റെ മാലിന്യക്കുഴിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ കുറിച്ച് സൂചന. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കെത്തിയ ആളാണെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള പ്രാഥമിക സൂചന. ഇതു കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സ്ലാബിട്ടു മൂടിയ മാലിന്യക്കുഴിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ടാങ്കിനകത്തു നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നോക്കിയവരാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജ്, ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍, എസ്.ഐ സവ്യസാചി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി. പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അജ്ഞാത മൃതദേഹം തിരിച്ചറിയുന്നതിനുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇന്‍ക്വസ്റ്റിനു ശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും മരണകാരണം സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചില്ല. മൃതദേഹത്തില്‍ ബാഹ്യമായ പരിക്കുകളൊന്നുമില്ല. രാസപരിശോധനാ ഫലം ലഭിച്ചാലെ മരണകാരണം വ്യക്തമാവുകയുള്ളു. അതേ സമയം മൃതദേഹം കാണപ്പെട്ട സ്ഥലത്തിനു സമീപത്തെ കെട്ടിടത്തിനടുത്തു നിന്നു കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതിനെന്നു സംശയിക്കുന്ന ചില സാധനങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സ്ലാബിട്ടു മൂടിയ ടാങ്കിനകത്തു ചാക്കു വിരിച്ച് മലര്‍ന്നു കിടന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഉടുത്തിരുന്ന ലുങ്കിയുടെ ഒരു ഭാഗം കീറി ചെറിയ കല്ലില്‍ കെട്ടിയ നിലയിലും മറ്റൊരു ഭാഗം മുണ്ട് അഴിഞ്ഞു പോകാതിരിക്കാന്‍ അരയില്‍ കെട്ടിയ നിലയിലും കാണപ്പെട്ടു. ഇതെന്തിനാണെന്നു വ്യക്തമല്ല. അന്വേഷണം തുടരുകയാണ്.