കാസർകോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത അഞ്ചു ദിവസത്തെ കാലാവസ്ഥാ മുന്നറിയിപ്പു പ്രഖ്യാപിച്ചു. കാസർകോട്ട് 18 നു യെല്ലോ അലർട്ടും19,20 തീയതികളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 19-നു കാസർകോടിനു പുറമെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്.
20 നു കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു ഈ ദിവസം സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115.6 എം.എം. മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് സൂചന.16 നു പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും17 നു പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 18 നു പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും19-നു ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും20 നു തൃശൂർ, പാലക്കാട്, മലപ്പുറം
ജില്ലകളിലുംകേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴ എന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിച്ചിട്ടുള്ളത്.ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകൾ, അണക്കെട്ടുകളുടെ താഴെയുള്ളപ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. മുൻ കരുതലിൻ്റെ ഭാഗമായി എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ തുറന്നിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കും 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 2024 ലെ ഓറഞ്ച് പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ടെന്നു അധികൃതർ ചൂണ്ടിക്കാട്ടി.