പാലക്കാട്: മംഗ്‌ളൂരു-രാമേശ്വരം എക്‌സ്പ്രസ് ജൂണില്‍ പുനരാരംഭിക്കുമെന്നു ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജര്‍ ആര്‍.എന്‍ സിംഗ് മലബാര്‍ മേഖലയിലെ എംപിമാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. ഗോവ-മംഗ്‌ളൂരു വന്ദേഭാരത് കോഴിക്കോടു വരെ നീട്ടുന്ന കാര്യവും മംഗളൂരു-പാലക്കാട് പാസഞ്ചര്‍ ട്രെയിനും സജീവ പരിഗണനയിലാണെന്നു ജനറല്‍ മാനേജര്‍ സംഘത്തെ അറിയിച്ചു.
മലബാര്‍ മേഖലയിലെ റെയില്‍വെ യാത്രാപ്രശ്‌നങ്ങള്‍ ഈ മേഖലയിലെ എം.പിമാരുമായി പാലക്കാട്ട് ചര്‍ച്ച ചെയ്യുകയായിരുന്നു അദ്ദേഹം. ചര്‍ച്ചയില്‍ എം.കെ രാഘവന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍, വി.കെ ശ്രീകണ്ഠന്‍, വി. ശിവദാസന്‍, പി.പി സുനീര്‍, പി.ടി ഉഷ, കെ. രാധാകൃഷ്ണന്‍, കെ. ഈശ്വര്‍ സ്വാമി പങ്കെടുത്തു.
കോയമ്പത്തൂര്‍-കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ മംഗ്‌ളൂരുവിലേക്ക് നീട്ടണമെന്നും കൊയിലാണ്ടിയില്‍ ഇന്റര്‍സിറ്റിക്കു സ്റ്റോപ്പ് അനുവദിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. പായ്യാളിയില്‍ അടിപ്പാത അടച്ചതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നു പി.ടി ഉഷ ആവശ്യമുന്നയിച്ചു.
