തിരുവനന്തപുരം: ലോക ചാംപ്യന്മാരായ അർജന്റീന ദേശീയ ഫുട്ബോൾ ടീമും നായകൻ ലയണൽ മെസിയും കേരളത്തിൽ സൗഹൃദ മത്സരത്തിന് എത്തില്ലെന്ന് ഉറപ്പായി. സ്പോൺസർ പിന്മാറിയതിനാൽ മത്സരം നടക്കില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫിസ് വ്യക്തമാക്കി.അർജന്റീന ടീം കേരളത്തിലെത്തുന്ന പരിപാടിക്കു 3 സ്പോൺസർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ പണം നൽകാൻ ഇവർക്കു കഴിഞ്ഞില്ല. 300 കോടി രൂപയായിരുന്നു ആകെ ചെലവ്. ഇതിൽ 200 കോടി രൂപ അർജന്റീന ടീമിനു നൽകാനുള്ളതാണ്.ഒക്ടോബറിൽ 2 സൗഹൃദ മത്സരങ്ങളിൽ പങ്കെടുക്കാൻ കേരളത്തിലെത്താമെന്ന് അർജന്റീന ടീം ഉറപ്പു നൽകിയെന്നാണ് മന്ത്രി അവകാശപ്പെട്ടിരുന്നത്. എന്നാൽ ചൈനയിലാകും ഒക്ടോബറിൽ ടീം സൗഹൃദ മത്സരങ്ങൾ കളിക്കുകയെന്ന് അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
