കണ്ണൂര്‍: ഇടവേളയ്ക്കു ശേഷം കണ്ണൂര്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷത്തിലേക്കോ? മലപ്പട്ടത്തിനു പിന്നാലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമ സംഭവങ്ങള്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.
യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡണ്ട് കെ. ഇര്‍ഷാദിന്റെ വീടിനു നേരെ വ്യാഴാഴ്ച രാത്രി ആക്രമണം നടന്നു. തൃച്ചംബരം പള്ളിക്കു സമീപത്തെ വീട്ടിനു നേരെയാണ് രാത്രി 12 മണിയോടെ ആക്രമണം ഉണ്ടായത്. കല്ലേറില്‍ മുകള്‍ നിലയിലെ ഒരു ജനല്‍ പാളിയും താഴത്തെ നിലയിലുള്ള ആറു ജനല്‍ പാളികളും തകര്‍ന്നു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന നാനോ കാറും സ്‌കൂട്ടറും തകര്‍ത്ത നിലയിലാണ്. അക്രമം നടക്കുമ്പോള്‍ ഇര്‍ഷാദ് വീട്ടിലുണ്ടായിരുന്നു. വീടിന്റെ മുകള്‍ നിലയില്‍ നിന്നു താഴേക്കു ഇറങ്ങാന്‍ ശ്രമിച്ചുവെങ്കിലും പിതാവ് മുസ്തഫ തടയുകയായിരുന്നുവെന്നു പറയുന്നു. പുറത്തേക്കുള്ള ലൈറ്റുകള്‍ ഇട്ട് ജനല്‍ തുറക്കുന്നതിനിടയിലാണ് കല്ലേറുണ്ടായത്. വിവരമറിഞ്ഞ് ഇന്‍സ്‌പെക്ടര്‍ ഷാജി എം പട്ടേരിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തേക്ക് കുതിച്ചെത്തി. മൂന്നു ബൈക്കുകളില്‍ എത്തിയവരാണ് അക്രമത്തിനു പിന്നിലെന്നു സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായി. എന്നാല്‍ അക്രമികളെ തിരിച്ചറിയാന്‍ കഴിയുന്ന ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല. തളിപ്പറമ്പിനു പുറമെ പിലാത്തറയിലും പാനൂരിലും അക്രമ സംഭവങ്ങളുണ്ടായി. രണ്ടിടങ്ങളിലും കോണ്‍ഗ്രസിന്റെ പതാകകള്‍ നശിപ്പിക്കപ്പെട്ടു. മാതമംഗലത്ത് റോഡരുകില്‍ സ്ഥാപിച്ചിരുന്ന പതാകയും നശിപ്പിക്കപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത് ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
