തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ ഒളിവിലായിരുന്ന അഭിഭാഷകൻ ബെയ്ലിൻ ദാസ് പൊലീസ് പിടിയിൽ. കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്ന് ഇയാളെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്ലിൻ ദാസ് മോപ്പ് സ്റ്റിക് ഉപയോഗിച്ച് മുഖത്ത് അടിക്കുകയായിരുന്നു. ജോലിയിൽ നിന്നു പിരിച്ചു വിട്ടതിന്റെ കാരണം ചോദിച്ചപ്പോഴാണ് ബെയ്ലിൻ ദാസ് മർദിച്ചതെന്ന് ശ്യാമിലി ആരോപിക്കുന്നു.
എന്നാൽ തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി ബെയ്ലിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതിയുടെ പരിഗണനയിലാണ്.
സംഭവത്തിനു പിന്നാലെ ബെയ്ലിൻ ദാസ് പ്രാക്ടീസ് ചെയ്യുന്നതിനു കേരള ബാർ കൗൺസിൽ വിലക്കേർപ്പെടുത്തിയിരുന്നു
