പത്തനംതിട്ട: വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച സംഭവത്തിൽ കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തു. ജോലി തടസ്സപ്പെടുത്തിയെന്നാരോപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ പരാതിയിന്മേലാണ് നടപടി.
ശനിയാഴ്ച കോന്നിയിലെ സ്വകാര്യ തോട്ടത്തിൽ 10 വയസ്സുള്ള കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിൽ ചോദ്യം ചെയ്യാൻ വനം വകുപ്പ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ നിയമവിരുദ്ധമായാണ് കസ്റ്റഡിയെന്ന് ആരോപിച്ച് വനം വകുപ്പ് ഓഫിസിലേക്കു എംഎൽഎ എത്തി. ഉദ്യോഗസ്ഥരോടു തട്ടിക്കയറിയ എംഎൽഎ കത്തിക്കുമെന്നും രണ്ടാമതും ഇവിടെ നക്സലുകൾ വരുമെന്നും ഭീഷണിപ്പെടുത്തി. ഒപ്പം കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശി വാസുവിനെ ഇറക്കി കൊണ്ടു പോകുകയും ചെയ്തു. പ്രതിയെന്ന് സംശയിക്കുന്നയാളിന്റെ സുഹൃത്താണ് വാസുവെന്നും നിയമപ്രകാരമാണ് കസ്റ്റഡിയെന്നും വനം വകുപ്പ് വിശദീകരിക്കുന്നു.
എന്നാൽ ആന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് ഗുണ്ടാ രീതിയിൽ നാട്ടുകാരോട് പെരുമാറിയതിനാലാണ് തനിക്ക് ഇടപെടേണ്ടി വന്നതെന്നാണ് എംഎൽഎയുടെ വാദം.
