തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. സംശയമുള്ള ജീവനക്കാരെ മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും കൃത്യമായ തെളിവ് കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. അന്വേഷണ സംഘത്തോട് ലഭിച്ച തെളിവുകളുമായി റിപ്പോർട്ട് ചെയ്യാൻ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷ് നിർദേശിച്ചു.
ശ്രീകോവിലിന്റെ വാതിൽ പൂശാനെടുത്ത സ്വർണ തകിടാണ് കാണാതായത്. പിന്നാലെ ക്ഷേത്ര അധികൃതർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിൽ മണൽപരപ്പിൽ ഒരടിയോളം താഴ്ചയിൽ കുഴിച്ചിട്ട നിലയിലാണ് തകിട് കണ്ടെടുത്തത്. ബോധപൂർവം സ്വർണം മണലിലിട്ട് ചവിട്ടി താഴ്ത്തിയെന്നാണ് പൊലീസ് നിഗമനം.
എന്നാൽ അന്വേഷണത്തിന്റെ പേരിൽ ജീവനക്കാരെ ഉപദ്രവിക്കുന്നതായി സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ സംഘടന ക്ഷേത്രഭരണസമിതിക്കു പരാതി നൽകി.
