കൊച്ചി: ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമ്പാശ്ശേരിയില്‍ ബുധനാഴ്ട രാത്രിയാണ് ക്രൂരമായ കൊലപാതകം നടന്നത്. അങ്കമാലി സ്വദേശിയായ ഐവിന്‍ ജിജോ (24) ആണ് കൊല്ലപ്പെട്ടത്. അപകട മരണമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മനഃപൂര്‍വ്വം കാറിടിച്ച് കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി 11 മണിയോടെ നെടുമ്പാശ്ശേരി, നായിത്തോട്ടാണ് സംഭവം. ജിജോയും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനുമായ വിനയകുമാറും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. സൈഡു കൊടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. തര്‍ക്കം രൂക്ഷമായതോടെ ജിജോ കാറിന്റെ മുന്നില്‍ തടസ്സം നിന്നു. ഇതില്‍ പ്രകോപിതനായ വിനയ കുമാര്‍, ജിജോയെ കാറിടിപ്പിച്ചു തെറുപ്പിച്ചു. ബോണറ്റില്‍ കുടുങ്ങിയ ജിജോയെയും കൊണ്ട് കാര്‍ കുറേ ദൂരേക്ക് ഓടി. ഇതിനിടയില്‍ താഴേക്ക് വീണു. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് ജിജോയെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിമാനങ്ങളിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നയാളാണ് ജിജോ.
അപകടത്തിനു ഇടയാക്കിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ വിനയകുമാറും സുഹൃത്തും പൊലീസ് കസ്റ്റഡിയിലാണ്.
