ആലപ്പുഴ: തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലില്‍ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരനെതിരെ കേസെടുക്കുമെന്നു സൂചന. അടിയന്തര നടപടിക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സുധാകരന്റെ ആലപ്പുഴയിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു.
ആലപ്പുഴയിലെ എന്‍ജിഒ യൂണിയന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് 1989 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലാണു സിപിഎം സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍ വോട്ടുകള്‍ തിരുത്തിയതെന്നാണു സി.പി.എം. നേതാവായ ജി. സുധാകരന്‍ പറഞ്ഞത്. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേസെടുത്താലും കുഴപ്പമില്ലെന്നും വ്യക്തമാക്കിയിരുന്നു. 1989ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന കെ.വി. ദേവദാസിനു വേണ്ടി തപാല്‍ വോട്ടില്‍ കൃത്രിമം നടത്തിയെന്നാണ് സുധാകരന്‍ വെളിപ്പെടുത്തിയത്. സിപിഎം സര്‍വീസ് സംഘടനകളിലെ 15% പേര്‍ ദേവദാസിനു എതിരായിരുന്നു. ഇതോടെ ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച് താന്‍ ഉള്‍പ്പെടെയുള്ളവര്‍ തപാല്‍ വോട്ടുകള്‍ തിരുത്തുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വക്കം പുരുഷോത്തമനോടു 25,123 വോട്ടുകള്‍ക്കു ദേവദാസ് പരാജയപ്പെട്ടിരുന്നു.
3 തവണ അമ്പലപ്പുഴയില്‍ നിന്നു നിയമസഭയിലെത്തിയിട്ടുള്ള ജി. സുധാകരന്‍ 2 തവണ മന്ത്രിയായിരുന്നു.
