മലപ്പുറം: റബ്ബര്‍ ടാപ്പിംഗിനു പോയ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു. കാളികാവ്, അടയ്ക്കാക്കുണ്ടില്‍ ആണ് ദാരുണമായ സംഭവം നടന്നത്. ചോക്കാട്, കല്ലാമൂലയിലെ അബ്ദുല്‍ ഗഫൂര്‍ (39) ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് നാടിനെ നടുക്കിയ സംഭവം.
ഈ ഭാഗത്ത് കടുവയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാര്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ അത് വനം വകുപ്പ് അംഗീകരിച്ചിരുന്നില്ല.
അബ്ദുല്‍ ഗഫൂറും സമദ് എന്നയാളുമാണ് ടാപ്പിംഗിനു പോയിരുന്നത്. കടുവയെ കണ്ടതോടെ ഇവരില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ അബ്ദുല്‍ ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് ഏറെ ദൂരം കൊണ്ടു പോയി കടിച്ചു കൊല്ലുകയായിരുന്നു. സമദ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് തോട്ടത്തില്‍ നിന്നു അരകിലോ മീറ്റര്‍ അകലെ അബ്ദുല്‍ ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്.
നൂറുകണക്കിനു ആള്‍ക്കാര്‍ സ്ഥലത്തു തടിച്ചു കൂടി. മൃതദേഹം മാറ്റാന്‍ നാട്ടുകാര്‍ അനുവദിക്കാതെ പ്രതിഷേധത്തിലാണ്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
