കാസർകോട്: ഇടിമിന്നലിന്റെ ആഘാതത്തിൽ 25 ദിവസം മുമ്പ് ഹൃദയ ശസ്ത്രക്രിയക്ക് വിധേയായ പെൺകുട്ടി മരിച്ചു.നേപ്പാൾ സ്വദേശി സഞ്ജീവ് ബോറയുടെ ഒരു വയസും എട്ട് മാസവും പ്രായവുമുള്ള മകൾ അസ്മിതയാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. ശക്തമായുണ്ടായ ഇടിമിന്നലിന്റെ ആഘാതത്തിൽ പെൺകുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. ഉടൻ ഡോക്ടറുടെ സമീപിച്ചെങ്കിലും നില ഗുരുതരമാണെന്ന് അറിയിച്ചതിനെതുടർന്നു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജന്മനാ ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്ന അസ്മിതയെ നാട്ടുകാരുടെ സഹായത്തോടെ കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടിയെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷകൾക്കു പിന്നാലെയാണ് കുഞ്ഞിന്റെ ആകസ്മിക മരണം. നേപ്പാൾ സ്വദേശികളായ സഞ്ജീവ് ബോറയും ഭാര്യ പനേര ബോറയും ചീമേനി ,മുത്തുപാറപ്പള്ളിക്ക് സമീപത്തെ ഫാമിലെ തൊഴിലാളികളാണ്. ഫാമിനു സമീപത്തെ ക്വാർട്ടേഴ്സിലാണ് ഇവർ താമസിച്ചിരുന്നത്.
