കൊച്ചി: ഫോർട്ട് കൊച്ചിയിൽ നിന്നു കാണാതായ 3 കുട്ടികളെ തിരുവനന്തപുരത്തു നിന്നു കണ്ടെത്തി. മട്ടാഞ്ചേരി ടിഡി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് അഫ്രീദ്, ആദിൽ മുഹമ്മദ്, അഫ്രീദിന്റെ സഹോദരനായ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഹഫീസ് എന്നിവരെയാണ് കണ്ടെത്തിയത്. ഇവർ തമ്പാനൂർ റെയിൽവേ സ്റ്റേഷനു സമീപം കറങ്ങി നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. ഇന്നലെ രാവിലെ 11നാണ് മൂവരെയും കാണാതാകുന്നത്. വീട്ടിൽ നിന്നു 3000 രൂപയും വസ്ത്രം നിറച്ച ബാഗുമായാണ് ഇവർ പോയത്. ഗോവയിലേക്കു പോകുന്നതിനെക്കുറിച്ച് കുട്ടികൾ സംസാരിച്ചിരുന്നതായും ഇതിന്റെ വിശദാംശങ്ങൾ ഫോണിൽ തിരഞ്ഞതായും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ സ്ഥലം കാണാൻ ഇറങ്ങിയെന്നാണ് ഇവർ പൊലീസിനോടു പറഞ്ഞത്. തമ്പാനൂർ സ്റ്റേഷനിലാണ് ഇവരുള്ളത്. കുട്ടികളുടെ മാതാപിതാക്കൾ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
