കൊച്ചി: വന്ദേഭാരത് ഉൾപ്പെടെ ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യാൻ കരാറെടുത്ത സ്ഥാപനത്തിന്റെ പാചകശാലയിൽ നിന്നു പഴകിയ ഭക്ഷണം പിടിച്ചെടുത്ത സംഭവത്തിൽ കർശന നടപടികളുമായി റെയിൽവേ. ബ്രന്ദാവൻ ഫുഡ് പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിനു ഒരു ലക്ഷം രൂപ പിഴ ചുമത്തി. ഒപ്പം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചു.
കടവന്ത്രയിലെ ബ്രന്ദാവൻ ഫുഡ് പ്രൊഡക്ട്സിൽ നിന്നാണ് കിലോക്കണക്കിനു പഴകിയ ഭക്ഷ്യവസ്തുക്കൾ കോർപറേഷൻ ആരോഗ്യവിഭാഗം ഇന്ന് പിടിച്ചെടുത്തത്. വൃത്തിഹീനമായ സാഹചര്യത്തിൽ പഴകിയ ഭക്ഷണ പദാർഥങ്ങൾ ഉപയോഗിച്ച് നിർമിച്ച വിഭവങ്ങൾ തുറന്നുവച്ച നിലയിലായിരുന്നു. തുടർന്ന് സ്ഥാപനം പൂട്ടിമുദ്രവച്ചു. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് കൊച്ചി മേയർ അറിയിച്ചു.
വന്ദേഭാരതിനു പുറമെ 5 ദീർഘദൂര ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്തിരുന്ന സ്ഥാപനമാണിത്. കേരള എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, കന്യാകുമാരി-പുണെ ജയന്തി ജനത എക്സ്പ്രസ്, കൊച്ചുവേളി-ഗൊരഖ്പുർ രപ്തിസാഗർ എക്സ്പ്രസ്, ജാംനഗർ-തിരുനെൽവേലി എക്സ്പ്രസ് എന്നിവയാണിത്.
