തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച അഭിഭാഷകൻ ബെയ്ലിൻ ദാസിനെ കേരള ബാർ കൗൺസിൽ പ്രാക്ടീസിൽ നിന്നു തടഞ്ഞു. ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്ലിൻ മോപ്പ് സ്റ്റിക് ഉപയോഗിച്ച് മുഖത്ത് അടിച്ച സംഭവത്തിലാണ് നടപടി.
അച്ചടക്കസമിതിയുടെ റിപ്പോർട്ട് വരുന്നതു വരെയാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ സ്ഥിരമായി വിലക്കും.
അതിനിടെ ബെയ്ലിൻ ദാസിന്റെ അഭിഭാഷക അംഗത്വം റദ്ദാക്കണമെന്ന് ട്രിവാൻഡ്രം ബാർ അസോസിയേഷൻ ശുപാർശ ചെയ്തു. അഭിഭാഷകയുടെ ആരോപണം ശരിയാണെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടർന്നാണിത്.
ജോലിയിൽ നിന്നു പിരിച്ചു വിട്ടതിന്റെ കാരണം ചോദിച്ചപ്പോഴാണ് ബെയ്ലിൻ ദാസ് മർദിച്ചതെന്ന് ശ്യാമിലി പറഞ്ഞു. മുൻപും ബെയ്ലിൻ ദാസ് സമാനമായി പ്രതികരിച്ചിട്ടുണ്ട്. താൻ 5 മാസം ഗർഭിണിയായിരുന്നപ്പോഴും മർദിച്ചതായും ശ്യാമിലി വെളിപ്പെടുത്തി.
പൊലീസ് കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ ബെയ്ലിൻ ദാസിനെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഇയാൾ മുൻകൂർ ജാമ്യത്തിനായി ശ്രമം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ വനിത കമ്മിഷൻ ശ്യാമിലിയെ സന്ദർശിച്ച് മൊഴിയെടുത്തു. മന്ത്രി പി.രാജീവും പിന്തുണയുമായി രംഗത്തെത്തി.
