ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിലൂടെ നേടിയ വിജയം രാജ്യത്തെ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും സമർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂരിനു ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പോർമുഖത്ത് അസാമാന്യ ധൈര്യവും പ്രകടനവും കാഴ്ച്ചവച്ച സേനകളെ മോദി അഭിനന്ദിച്ചു.
പഹൽഗാം ഭീകരാക്രമണം സമാനതകളില്ലാത്ത ക്രൂരതയാണ്. ഭാര്യമാർക്കും അമ്മമാർക്കും കുഞ്ഞുങ്ങൾക്കും മുന്നിലാണ് ഭീകരരുടെ വെടിയേറ്റ് 26 പേർ മരിച്ചു വീണത്. മതത്തിന്റെ പേരിലാണ് ആക്രമണം നടത്തിയത്.
ഓപ്പറേഷൻ സിന്ദൂരിലൂടെ നീതി നടപ്പിലായിരിക്കുന്നു. ഭീകരർ സ്വപ്നത്തിൽ പോലും ഇത്തരമൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. ബവൽപൂരിലും മുരിട്കെയിലും ഭീകരവാദത്തിന്റെ സർവകലാശാലകൾ ഇന്ത്യ ഭസ്മമാക്കി. ഓപ്പറേഷൻ സിന്ദൂർ വെറുമൊരു പേരല്ല, അതിൽ രാജ്യത്തെ കോടിക്കണക്കിനു ജനങ്ങളുടെ വികാരമാണ് പ്രതിഫലിച്ചത്. ആണവായുധം കാട്ടിയുള്ള ഭീഷണി ഇങ്ങോട്ടു വേണ്ട. വെള്ളവും ചോരയും ഒരുമിച്ചു ഒഴുകില്ലെന്നും സിന്ധു നദീതട കരാർ മരവിപ്പിച്ച നീക്കം പിൻവലിക്കില്ലെന്നു പരോക്ഷമായി സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. പാക് അധീന കശ്മീർ ഇന്ത്യക്കു വിട്ടു നൽകുന്നതു ഒഴികെ പാക്കിസ്താനുമായി യാതൊരു ചർച്ചയ്ക്കുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
