തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ ജൂനിയർ അഭിഭാഷകയ്ക്കു സീനിയർ അഭിഭാഷകന്റെ ക്രൂര മർദനം. ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ സീനിയർ അഭിഭാഷകനായ ബെയ്ലിൻ ദാസ് മോപ്പ് സ്റ്റിക് ഉപയോഗിച്ച് മുഖത്ത് അടിക്കുകയായിരുന്നു. പരുക്കേറ്റ അഭിഭാഷകയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.
3 വർഷമായി ശ്യാമിലി ബെയ്ലിന്റെ ജൂനിയറായി പ്രവർത്തിക്കുന്നുണ്ട്. കാരണം പറയാതെ ജൂനിയർ അഭിഭാഷകരെ ജോലിയിൽ നിന്നു പുറത്താക്കുന്നത് ബെയ്ലിന്റെ പതിവാണ്. ശ്യാമിലി ജോലിക്കു കയറിയതിനു ശേഷം എട്ടോളം പേരെ പുറത്താക്കി. ഇത്തരത്തിൽ ഇന്നലെ ഫോണിൽ വിളിച്ചു പിരിച്ചു വിട്ടതായി ശ്യാമിലിയെ അറിയിച്ചു. തുടർന്ന് ഇന്ന് ഓഫിസിലെത്തിയ ശ്യാമിലി തന്നെ പുറത്താക്കാനുള്ള കാരണം അന്വേഷിച്ചു. അത് നിന്നോട് പറയേണ്ട ആവശ്യമില്ലെന്നു പറഞ്ഞായിരുന്നു മർദനമെന്ന് ശ്യാമിലിയുടെ ഭർത്താവ് പറഞ്ഞു. എന്നാൽ 2 ജൂനിയർ അഭിഭാഷകരുമായി ശ്യാമിലി തർക്കത്തിൽ ഏർപ്പെട്ടതായും ഇതു ചോദ്യം ചെയ്തപ്പോൾ മുഖത്ത് നോക്കി അസഭ്യം പറഞ്ഞതിനാലാണ് മർദിച്ചതെന്ന് ബെയ്ലിൻ വിശദീകരിക്കുന്നു. ശ്യാമിലിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അതിനിടെ ബെയ്ലിന്റെ അറസ്റ്റ് തടയാൻ ബാർ അസോസിയേഷൻ ശ്രമിക്കുന്നതായി ശ്യാമിലിയുടെ കുടുംബം ആരോപിച്ചു.
