തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഭിഭാഷകൻ ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷൻ താത്ക്കാലികമായി പുറത്താക്കി.
ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്ലിൻ മോപ്പ് സ്റ്റിക് ഉപയോഗിച്ച് മുഖത്ത് അടിച്ച സംഭവത്തിലാണ് നടപടി.
ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ഇരുവരും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ശ്യാമിലിയെ ബെയ്ലിൻ മർദിച്ചത്. അടിയേറ്റു താഴെ വീണ തന്നെ അവിടെ നിന്ന് എടുത്ത് വീണ്ടും അടിച്ചതായി ശ്യാമിലി ആരോപിക്കുന്നു.
തങ്ങൾ ഇരയ്ക്കൊപ്പമാണെന്നും നീതി ലഭിക്കാനായി ഒപ്പം നിൽക്കുമെന്നും ബാർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്നും ഇതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ഇവർ വ്യക്തമാക്കി. ബാർ അസോസിയേഷൻ ബെയ്ലിനെ രക്ഷിക്കാൻ ശ്രമിക്കുന്നെന്ന അഭിഭാഷക നേരത്തേ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. 3 വർഷമായി ശ്യാമിലി ബെയ്ലിന്റെ ജൂനിയറായി പ്രവർത്തിക്കുന്നുണ്ട്.
ശ്യാമിലിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
