കോഴിക്കോട്: അസം സ്വദേശിയായ 17 വയസ്സുകാരിയെ ജോലി വാഗ്ദാനം ചെയ്ത് നാട്ടിലെത്തിച്ചു അനാശാസ്യപ്രവർത്തനം നടത്തിയ യുവതിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ ഫുർഖാൻ അലി(26), അക്ലീമ ഖാതുൻ(24) എന്നിവരെയാണ് കോഴിക്കോട് ടൗൺ പൊലസ് ഒഡിഷയിൽ നിന്ന് പിടികൂടിയത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടിയുമായി ഇവർ ബന്ധം സ്ഥാപിച്ചത്. കേരളത്തിൽ വീട്ടുജോലി തരപ്പെടുത്തി നൽകാമെന്നു വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ അസമിൽ നിന്നു കേരളത്തിലെത്തിച്ചു. തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപമുള്ള ലോഡ്ജിൽ പൂട്ടിയിട്ട് അനാശാസ്യ പ്രവർത്തനം നടത്തുകയായിരുന്നു. പെൺകുട്ടിയെ പലർക്കും കാഴ്ചവെച്ചു. ഇതിന്റെ വിഡിയോ ചിത്രീകരിച്ചു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. പണം സമ്പാദിക്കാൻ കാമുകീകാമുകന്മാരായ പ്രതികൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിക്കുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്തതോടെ ഇവർ കേരളം വിട്ടു. എന്നാൽ ഒഡിഷയിലെ ഭദ്രക് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ഇവരുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
