തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ 8 ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ്. ഇന്നലെ ചോദ്യം ചെയ്ത ജീവനക്കാരോടു ഇന്നു വീണ്ടും ഹാജരാകാൻ പൊലീസ് നിർദേശിച്ചു. സ്ട്രോങ് റൂമിൽ നിന്നു കാണാതായ 13 പവൻ സ്വർണം ക്ഷേത്രത്തിനുള്ളിലെ മണൽപരപ്പിൽ നിന്നു കണ്ടെത്തിയിരുന്നു.
2 ദിവസം മുൻപാണ് ശ്രീകോവിലിന്റെ വാതിൽ പൂശാനെടുത്ത സ്വർണ തകിട് കാണാതായത്. പിന്നാലെ ക്ഷേത്ര അധികൃതർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിൽ മണൽപരപ്പിൽ ഒരടിയോളം താഴ്ചയിൽ കുഴിച്ചിട്ട നിലയിലാണ് തകിട് കണ്ടെടുത്തത്. സംഭവത്തിലെ ദുരൂഹത നീക്കാനാണ് പൊലീസ് ശ്രമം. അർധ സൈനിക വിഭാഗങ്ങളുടെ സുരക്ഷയിലുള്ള ക്ഷേത്രത്തിലുണ്ടായ മോഷണം ഗുരുതര സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്.
