കാസര്‍കോട്: സ്‌കൂട്ടര്‍ യാത്രക്കിടയില്‍ വ്യാപാരിയെ കടന്നല്‍ക്കൂട്ടം ആക്രമിച്ചു. ഉപ്പള, സോങ്കാല്‍ കൊടങ്കെ സ്വദേശി അബ്ബാസി(39)നാണ് കടന്നല്‍ കുത്തേറ്റത്. അമ്പാറിലെ അനാദിക്കച്ചവടക്കാരനാണ്. തിങ്കളാഴ്ച വൈകുന്നേരം കടയില്‍ നിന്നു കൊടങ്കൈയിലെ വീട്ടിലേക്കു പോകുന്നതിനിടയിലാണ് സംഭവം. സ്‌കൂട്ടര്‍ സോങ്കാലില്‍ എത്തിയപ്പോള്‍ എവിടെ നിന്നോ ഇളകിയെത്തിയ കടന്നല്‍കൂട്ടം ആക്രമിക്കുകയായിരുന്നുവെന്നു അബ്ബാസ് പറഞ്ഞു. സ്‌കൂട്ടറിന്റെ വേഗം കൂട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കടന്നല്‍ കൂട്ടം പിന്തുടര്‍ന്ന് ആക്രമിച്ചുവെന്നു കൂട്ടിച്ചേര്‍ത്തു. അബ്ബാസ് വിളിച്ചറിയിച്ചതു പ്രകാരം ഉപ്പളയില്‍ നിന്നു ഫയര്‍ഫോഴ്‌സെത്തിയാണ് രക്ഷപ്പെടുത്തിയത്. ഫയര്‍ ഫോഴ്‌സ് വാഹനത്തില്‍ കയറ്റി അബ്ബാസിനെ ആശുപത്രിയിലെത്തിച്ചു.
