കൊച്ചി: എറണാകുളം ഫോർട് കൊച്ചിയിൽ നിന്നു കാണാതായ 3 വിദ്യാർഥികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. മട്ടാഞ്ചേരി ടിഡി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് അഫ്രീദ്, ആദിൽ മുഹമ്മദ്, അഫ്രീദിന്റെ സഹോദരനായ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഹഫീസ് എന്നിവരെയാണ് തിരയുന്നത്. ചൊവ്വാഴ്ച രാവിലെ 11ന് ശേഷം മൂവരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇവർ ട്രെയിൻ കയറി പോയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ ഇവർ എങ്ങോട്ടു പോയെന്നോ യാത്രാ ഉദ്ദേശമോ സംബന്ധിച്ച് യാതൊരു സൂചനകളുമില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു.
