തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കേഡല്‍ ജെന്‍സണ്‍ രാജ കുറ്റക്കാരനാണെന്നു കണ്ടെത്തി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷാവിധിയിലുള്ള വാദം നാളെ നടക്കും.
2017 ഏപ്രില്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. നന്തന്‍കോട്ടെ ക്ലിഫ് ഹൗസിനു സമീപത്തു താമസിച്ചിരുന്ന അമ്മ ഡോ. ജീന്‍ പത്മ, അച്ഛന്‍ പ്രൊഫ. രാജ് തങ്കം, സഹോദരി കരോലിന്‍, ബന്ധു എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്. ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിന്റെ ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ ആണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പത്തുവര്‍ഷത്തിലേറെയായി കുടുംബാംഗങ്ങള്‍ പോലും അറിയാതെ കേഡല്‍ സാത്താന്‍ സേവ നടത്തിയിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇന്റനെറ്റിലൂടെയാണ് പ്രതി ‘ആസ്ട്രല്‍ പ്രൊജക്ഷനി’ല്‍ അറിവ് നേടിയതെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഉയര്‍ന്ന സാമ്പത്തികവും വിദ്യാഭ്യാസവുമുള്ള കേഡല്‍ എങ്ങനെയാണ് സാത്താന്‍ സേവയില്‍ എത്തിയതെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിരുന്നില്ല. അറസ്റ്റിലായ കേഡല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടയിലാണ് കേസിന്റെ വിചാരണ നടന്നത്. കൂട്ടക്കൊപാതകം നടന്ന വീട് ഇപ്പോഴും പൂട്ടിക്കിടക്കുകയാണ്.
