തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമം നടന്നെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം. പൂരത്തിനിടെ ആനകളുടെ കണ്ണിലേക്കു ലേസർ അടിച്ചെന്നും ഇതേ തുടർന്ന് ആനകൾ ഓടിയെന്നും ദേവസ്വം ഭാരവാഹികൾ ആരോപിച്ചു. ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. ലേസർ അടിച്ചതിൽ ആനകളെ എഴുന്നള്ളിപ്പിക്കുന്നതിൽ എതിരു നിൽക്കുന്ന ചില സംഘടനകൾക്കു പങ്കുണ്ടോയെന്നു സംശയമുണ്ട്. ലേസർ ഉപയോഗിക്കുന്നതിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിലുണ്ട്. ഇവ സഹിതം പൊലീസിനു പരാതി നൽകും. അടുത്ത വർഷം മുതൽ പൂരപ്പറമ്പിൽ ലേസറിനു നിരോധനം ഏർപ്പെടുത്തണമെന്നും ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു.
