കാസര്‍കോട്: മൊഗ്രാല്‍പുത്തൂരിലും മധൂരിലും വന്‍ പാന്‍മസാല വേട്ട. 90,818 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടു പേര്‍ അറസ്റ്റില്‍. മധൂര്‍, മുട്ടത്തൊടി ഹിദായത്തു നഗര്‍ ടി.എം ഹൗസിലെ ടി. അബൂബക്കര്‍ സിദ്ദിഖ് (24), മധൂര്‍, ചെട്ടുംകുഴി, നിഷാദ് മന്‍സിലിലെ എം.സി ജലീല്‍ (26) എന്നിവരാണ് അറസ്റ്റിലായത്.
അബൂബക്കര്‍ സിദ്ദിഖിനെ മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ നീര്‍ച്ചാലില്‍ വച്ചാണ് ടൗണ്‍ എസ്‌ഐ എന്‍. അന്‍സാറും സംഘവും അറസ്റ്റു ചെയ്തത്. വാഹനപരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഈ സമയത്ത് എത്തിയ കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് 17,154 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. മധൂര്‍, ചെട്ടും കുഴിയില്‍ വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 73,664 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. മൊഗ്രാല്‍പുത്തൂരില്‍ അറസ്റ്റിലായ പ്രതിയുടെ വീട്ടിനു സമീപത്തെ ഒറ്റമുറി ഷെഡില്‍ ചാക്കില്‍ സൂക്ഷിച്ച നിലയിലാണ് പാന്‍മസാല കണ്ടെടുത്തത്. പൊലീസ് സംഘത്തില്‍ എഎസ്‌ഐ കൊച്ചുറാണി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ. അശോകന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്‍, മനോജ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
