തൃശൂർ: ലോറിയിൽ കടത്താൻ ശ്രമിച്ച 3.62 ലക്ഷം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. തൃശൂർ ചാലക്കുടി നാടുകുന്നിലാണ് വൻ ലഹരിവേട്ട നടന്നത്. ലോറി ഡ്രൈവർ മലപ്പുറം മഞ്ചേരി മേലാക്കം സ്വദേശി അബ്ദുൽ മനാഫിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് ബിസ്ക്കറ്റ് പാക്കറ്റുകളുടെ ബോക്സിനിടയിൽ ഒളിപ്പിച്ച നിരോധിത പുകയില ഉത്പന്ന പാക്കറ്റുകൾ കണ്ടെത്തിയത്. ഏകദേശം അഞ്ഞൂറോളം ചാക്കുകളിൽ നിറച്ച നിലയിലാണ് പാക്കറ്റുകൾ ഉണ്ടായിരുന്നത്. ഉത്തരേന്ത്യയിൽ നിന്നു നിരോധിത പുകയില ഉത്പന്നങ്ങൾ 10 രൂപ നിരക്കിൽ വാങ്ങി സംസ്ഥാനത്ത് എത്തിച്ച് നൂറു രൂപയിലേറെ ഈടാക്കി വിൽപന നടത്തുകയാണ് ചെയ്തിരുന്നതെന്നു പറയുന്നു. ചാലക്കുടി മുതൽ കൊല്ലം വരെ വിതരണം ചെയ്യാൻ കൊണ്ടുപോകുന്നതിനിടെയാണ് പൊലീസ് ഇതു പിടി കൂടിയത്.
