ലക്നൗ: തട്ടിക്കൊണ്ടുപോകൽ നാടകം പൊളിഞ്ഞതോടെ 14 വയസ്സുകാരനെ ബന്ധുവും കൂട്ടുകാരും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബിജ്നോരിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർഥിയായ ആയുഷ് സിങ്ങാണ് കൊല്ലപ്പെട്ടത്. ബന്ധു അനികേത് സിങ്ങിനെയും(19) 4 സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ആയുഷും അനികേതും ചേർന്നാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതി ആസൂത്രണം ചെയ്തത്. ആയുഷിന്റെ അച്ഛനിൽ നിന്നു 5 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. 2 ലക്ഷം രൂപ ആയുഷിനു നൽകാമെന്നായിരുന്നു വ്യവസ്ഥ.
ഇതുപ്രകാരം മേയ് 6ന് ആയുഷിനെ അനികേതിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയി. എന്നാൽ ഇതിനു പിന്നാലെ ആയുഷ് പദ്ധതിയിൽ നിന്നു പിന്മാറി. പണം ആവശ്യപ്പെട്ട് അച്ഛനെ വിളിക്കാൻ തയാറായില്ല. ഇതോടെ വിവരം പുറത്തറിയുമെന്ന് ഭയപ്പെട്ട അനികേതും സംഘവും ആയുഷിനെ കൊലപ്പെടുത്തി മൃതദേഹം വയലിൽ കുഴിച്ചിട്ടു. പിറ്റേന്ന് പണം ആവശ്യപ്പെട്ട് ആയുഷിന്റെ അച്ഛനു സംഘം ഇൻസ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചു. എന്നാൽ ആയുഷ് കൊല്ലപ്പെട്ടതായി പൊലീസിനു രഹസ്യവിവരം ലഭിച്ചു. ഇതു പ്രകാരം സ്ഥലത്തെത്തിയ പൊലീസിനു നേരെ പ്രതികൾ വെടിയുതിർത്തു. ഏറ്റുമുട്ടലിനൊടുവിൽ അനികേതിനെ കാലിൽ വെടിവച്ചു വീഴ്ത്തി പൊലീസ് പിടികൂടുകയായിരുന്നു.
