കൊച്ചി: മലയാള സിനിമയിലെ ലഹരി ഉപയോഗം നിയന്ത്രിക്കാൻ കർശന നടപടികളുമായി കേന്ദ്ര ഏജൻസിയായ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) രംഗത്തിറങ്ങുന്നു. രാജ്യവ്യാപകമായി സിനിമ മേഖലയിലെ ലഹരി ഇടപാടുകൾ കണ്ടെത്താൻ കടുത്ത നടപടികളിലേക്കു കടക്കുകയാണെന്നും മലയാള സിനിമയിലും കർശന ഇടപെടലുകൾ ഉണ്ടാകുമെന്നും എൻസിബി വ്യക്തമാക്കി. ലഹരി ഉപയോഗം സംബന്ധിച്ചു എൻസിബി ഡപ്യൂട്ടി ഡയറക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ സിനിമ സംഘടനകൾക്കു ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകി.
മലയാള സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ട്. എക്സൈസിനെയും പൊലീസിനെയും പോലെയാവില്ല തങ്ങൾ കേസെടുക്കുക. എത്ര ചെറിയ അളവിൽ ലഹരി പിടിച്ചാലും വലിയ പ്രത്യാഘാതം നേരിടേണ്ടി വരും. സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം ഉണ്ടാകുന്നില്ലെന്ന് സംഘടനകൾ ഉറപ്പു വരുത്തണമെന്നും ഉദ്യോഗസ്ഥർ നിർദേശിച്ചു. ലഹരി ഉപയോഗത്തെക്കുറിച്ച് വിവരം നൽകാൻ എൻസിബിയുടെ നമ്പർ പ്രദർശിപ്പിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലിം ചേബർ, മാക്ട സംഘടനകളുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.
ലഹരി വിൽപനയും ഇടപാടും കണ്ടെത്താൻ എക്സൈസും കേരള പൊലീസും നടത്തിയ പരിശോധനയിൽ ഒട്ടേറെ സിനിമ പ്രവർത്തകരാണ് പിടിയിലായത്. പ്രമുഖ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവർ ലഹരി ഉപയോഗത്തിനിടെ അറസ്റ്റിലായി. സംവിധായകനും ക്യാമറാമാനുമായ സമീർ താഹിറിനെയും കേസിൽ പ്രതി ചേർത്തു. ആലപ്പുഴയിൽ 3 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ തസ്ലീമയെന്ന യുവതി ഒട്ടേറെ സിനിമ പ്രവർത്തകരുമായി ബന്ധമുണ്ടെന്ന് മൊഴി നൽകിയിരുന്നു. തുടർന്ന് നടന്മാരായ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ എക്സൈസ് ചോദ്യം ചെയ്തിരുന്നു.
