ന്യൂഡൽഹി : പ്രകോപനം തുടരുന്ന പാക്കിസ്താനു കനത്ത തിരിച്ചടി നൽകി ഇന്ത്യ. പാക്കിസ്താനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തി. തലസ്ഥാനമായ ഇസ്ലാമാബാദിൽ ഇന്ത്യൻ മിസൈലുകൾ പതിച്ചു. ലാഹോറും സിയാൽക്കോട്ടും ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യയുടെ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് കറാച്ചി തുറമുഖത്ത് മിസൈലുകൾ വർഷിച്ചു. കര,നാവിക, വ്യോമ സേനകൾ പാക്കിസ്താനിലെ വൻ ആക്രമണമാണ് നടത്തുന്നത്. വ്യാഴാഴ്ച രാത്രി ജമ്മു വിമാനത്താവളവും പഞ്ചാബിലെ സൈനികകേന്ദ്രങ്ങളും ലക്ഷ്യമാക്കി തൊടുത്ത 50 ഡ്രോണുകളെ ഇന്ത്യൻ സൈന്യം തകർത്തു.
ജമ്മുവിലെ സാംബയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെ ബിഎസ്എഫ് വധിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടി നൽകുന്നതിനിടെ നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമമാണ് പരാജയപ്പെടുത്തിയത്.
രാജസ്ഥാനിലെ ജയ്സാൽമീറിൽ പാക് വിമാനം വെടിവച്ചിട്ട ബിഎസ്എഫ് പാക് പൈലറ്റിനെ പിടികൂടി. പൈലറ്റിനെ കസ്റ്റഡിയിലെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അതിനിടെ രജൗരിയിലും ഉറിയിലും പാക്കിസ്താൻ വീണ്ടും ഷെല്ലാക്രമണം നടത്തി. ഉറിയിൽ യുവതി കൊല്ലപ്പെട്ടു. ഒരാൾക്ക് പരുക്കേറ്റു. പാക് സൈനിക പോസ്റ്റുകളിൽ നിന്നാണ് ആക്രമണം ഉണ്ടായത്.
ഇന്ത്യ ആക്രമണം കടുപ്പിച്ചതോടെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി റിപ്പോർട്ടുണ്ട്. ഷഹബാസിന്റെയും സൈനിക മേധാവി അസീം മുനീറിന്റെയും വീടുകൾക്ക് സമീപം സ്ഫോടനമുണ്ടായതായും റിപ്പോർട്ടുണ്ട്.
