ഇസ്ലാമാബാദ്: ഇന്ത്യൻ ആക്രമണത്തിൽ വിറങ്ങലിച്ച പാക്കിസ്താനു തിരിച്ചടിയായി ആഭ്യന്തര കലാപവും. രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്താന്റെ തലസ്ഥാനം ക്വറ്റയുടെ നിയന്ത്രണം പിടിച്ചെടുത്തതായി ബലൂചിസ്താൻ ലിബറേഷൻ ആർമി (ബിഎൽഎ) അവകാശപ്പെട്ടു. ബലൂചിസ്താനെ പാക്കിസ്താനിൽ നിന്നു മോചിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സായുധ സംഘടനയാണ് ബിഎൽഎ. കഴിഞ്ഞ ദിവസങ്ങളിലായി പാക് സൈന്യത്തിനു നേരെ ശക്തമായ ആക്രമണമാണ് ബിഎൽഎ നടത്തുന്നത്. ചൊവ്വാഴ്ച പാക് സൈനിക വാഹനത്തിനു നേരെ ബിഎൽഎ നടത്തിയ ആക്രമണത്തിൽ 12 സൈനികർ മരിച്ചിരുന്നു. ബൊളാൻ, കെച്ച് മേഖലകളിലായി 14 പാക് സൈനികരുടെ മരണത്തിന് ഇടയാക്കിയ 2 അക്രമണങ്ങളുടെ ഉത്തരവാദിത്വവും ബിഎൽഎ ഏറ്റെടുത്തിട്ടുണ്ട്.
അതിനിടെ ജയിലിലുള്ള മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് അനുയായികൾ തെരുവിലിറങ്ങി. ലഹോറിലാണ് വൻ പ്രതിഷേധം നടന്നത്. ഇന്ത്യൻ ആക്രമണങ്ങളിൽ നിന്നു പാക്കിസ്താനെ രക്ഷിക്കാൻ ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
