കാസര്‍കോട്: തെയ്യം കാണാനെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ പതിനാറുകാരിയെ കാണാതായതായി പരാതി. പാലാവയല്‍, മലാംകടവ് സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ് കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. കാറ്റാംകവല ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നടന്ന തെയ്യം കെട്ട് ഉത്സവം കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് മെയ് നാലിനാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയതെന്നു പരാതിയില്‍ പറഞ്ഞു. തിരിച്ചെത്താത്തതിനാലാണ് പരാതി നല്‍കുന്നതെന്നു കൂട്ടിച്ചേര്‍ത്തു.
അതേ സമയം പെണ്‍കുട്ടി എവിടെ പോയതെന്നു കണ്ടെത്താന്‍ ചിറ്റാരിക്കാല്‍ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം തുടരുകയാണ്. പെണ്‍കുട്ടി കളിയാട്ടം നടന്ന സ്ഥലത്ത് എത്തിയിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് എന്തു സംഭവിച്ചുവെന്ന് അറിയുന്നതിനുള്ള ശ്രമമാണ് തുടരുന്നത്.
