ഇസ്ലാമാബാദ്: കൂടുതല്‍ സൈനികരെ എത്തിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ലാഹോറില്‍ മൂന്നു വന്‍ സ്‌ഫോടനങ്ങള്‍. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സും പാക് പ്രാദേശിക മാധ്യമങ്ങളുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങിയതായും പഞ്ചാബ് പ്രവശ്യയിലെ വോള്‍ട്ടണ്‍ റോഡ് പരിസരത്താണ് വ്യാഴാഴ്ച രാവിലെ സ്‌ഫോടന ശബ്ദം കേട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ലാഹോറില്‍ തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങുന്നതിന്റെയും പുക ഉയരുന്നതിന്റെയും ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തു വിട്ടിട്ടുണ്ട്.
സ്‌ഫോടനങ്ങളെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍ നിന്നു പുറത്തേക്ക് ഓടുന്നതിന്റെയും റോഡുകളില്‍ കൂട്ടം കൂടുന്നതിന്റെയും ദൃശ്യങ്ങളും വീഡിയോകളിലുണ്ട്. അപ്രതീക്ഷിതമായി ഇന്ത്യ നടത്തിയ ഓപ്പറേഷനു തിരിച്ചടി നല്‍കുമെന്ന് പാക് പ്രധാന മന്ത്രി ഷഹബാസ് ഷെരീഫ് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ കൂടുതല്‍ സൈനികരെ ലാഹോറില്‍ എത്തിച്ചത്. ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപത്തുള്ള പ്രധാന നഗരങ്ങളില്‍ ഒന്നാണ് ലാഹോര്‍. ബുധനാഴ്ച രാത്രി പാക്കിസ്ഥാന്‍ വിമാനങ്ങള്‍ പഞ്ചാബ് അതിര്‍ത്തിയില്‍ എത്തിയിരുന്നതായും ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ കണ്ടതോടെ തിരികെ പോയതായും റിപ്പോര്‍ട്ടുകളുണ്ട്.
