കണ്ണൂര്‍: പഴയങ്ങാടി, അടുത്തിലയിലെ ബാങ്ക് ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച ഉള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. എസ്ബിഐ മാടായി, കോഴി ബസാര്‍ ശാഖയില്‍ ക്ലാര്‍ക്കായിരുന്ന ടികെ ദിവ്യ(26) മരണപ്പെട്ട കേസിന്റെ അന്വേണത്തിലാണ് വീഴ്ച കണ്ടെത്തിയത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും വിശദമായ അന്വേഷണം വേണമെന്നും പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീര്‍ത്തി ബാബു പുനരന്വേഷണം നടത്തിയത്.
ഭര്‍ത്താവ് ഉണ്ണികൃഷ്ണന്റെ വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയില്‍ 2024 ജനുവരി 25ന് രാവിലെ ഏഴു മണിയോടെയാണ് ദിവ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുകയും ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ കുറ്റപത്രം നല്‍കുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ പുനഃരന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന പിഴവുകളാണ് കണ്ടെത്തിയത്. രാവിലെ 9.30ന് ആണ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഒന്‍പതു മണിക്ക് ഇന്‍ക്വസ്റ്റ് ചെയ്തുവെന്നാണ് രേഖ. എഫ്‌ഐആര്‍ രേഖപ്പെടുത്തും മുമ്പ് ഇന്‍ക്വസ്റ്റ് നടത്താന്‍ പാടില്ല. ഇതു ഗുരുതരവീഴ്ചയാണെന്നു ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജനല്‍ കമ്പിയിലാണ് ദിവ്യ തൂങ്ങി മരിച്ചത്. എന്നാല്‍ ജനറല്‍ കമ്പിയെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയത്. ദിവ്യയുടെ മൃതദേഹം കാണപ്പെട്ടതിനു താഴെ ചോരപ്പാടുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം എഫ്‌ഐആറില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ സ്ഥലത്ത് നിന്നും എടുത്ത ഫോട്ടോയില്‍ രക്തക്കറ കാണാനുണ്ട്. മരണപ്പെട്ട യുവതി എസ്.സി വിഭാഗത്തില്‍പ്പെട്ടയാളാണ്. ഭര്‍ത്താവിന്റെ ജാതിപ്പേര് നമ്പ്യാരാണെന്നാണ് രേഖപ്പെടുത്തിയത്. ഭര്‍ത്താവിന്റെ സര്‍ട്ടിഫിക്കറ്റിലെ ജാതിപ്പേര് നായര്‍ എന്നാണ്.
ദിവ്യയും ഭര്‍ത്താവും ചേര്‍ന്ന് തിരുവനന്തപുരത്ത് ഒരു ഫ്‌ളാറ്റ് വാങ്ങിയിരുന്നു. വായ്പ്ക്ക് ഇന്‍ഷൂര്‍ ഉണ്ട്. വായ്പയെടുത്ത ആള്‍ മരണമടഞ്ഞാല്‍ വായ്പ തിരിച്ചടക്കേണ്ടത് ഇന്‍ഷൂര്‍ കമ്പനിയാണ്. ഇക്കാര്യം അറിയാവുന്ന ഭര്‍ത്താവ് ദിവ്യയെ മരണത്തിലേക്ക് നയിക്കുന്ന രീതിയില്‍ പീഡിപ്പിച്ചിരുന്നതായും പുനരന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
