കാസര്‍കോട്: കുമ്പള ദേശീയ പാതയില്‍ ബദര്‍ ജുമാമസ്ജിദിനു മുന്‍വശത്തെ യുവ പഴം-പച്ചക്കറി വ്യാപാരിയെ ഷോപ്പിംഗ് കോംപ്ലക്‌സിനു മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള, പെര്‍വാഡിലെ കൃഷ്ണന്‍- പ്രേമാവതി ദമ്പതികളുടെ മകന്‍ സന്തോഷ് എന്ന സന്തു (40)വാണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെ കുമ്പള ടൗണിലെ അരിമല കോംപ്ലക്‌സിനു മുകളില്‍ ഷീറ്റിട്ട മേല്‍ക്കൂരയിലെ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പ്രസ്തുത കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കച്ചവടം നടത്തുന്ന കടക്കാരുടെ സാധനങ്ങള്‍ ഇവിടെയാണ് സൂക്ഷിക്കുന്നത്. സാധനം എടുക്കാന്‍ എത്തിയവരാണ് സന്തുവിനെ തൂങ്ങി മരിച്ച നിലയില്‍ ആദ്യം കണ്ടത്. താഴത്തെ നിലയില്‍ നിന്നു എടുത്തുകൊണ്ടുപോയ പ്ലാസ്റ്റിക് ഡ്രമ്മില്‍ കയറി നിന്നാണ് ഇരുമ്പുകമ്പിയില്‍ കുരുക്ക് മുറുക്കിയതെന്നു സംശയിക്കുന്നു. ഡ്രം മൃതദേഹത്തിനു താഴെ കാണപ്പെട്ടതാണ് ഇത്തരമൊരു സംശയത്തിനു കാരണമായത്. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
ഭാര്യ: അനുജ. രണ്ടുമക്കളുണ്ട്. സഹോദരങ്ങള്‍: മമത, ലത, രത്‌ന. യൂത്ത്‌വിംഗ് കുമ്പള യൂണിറ്റ് ട്രഷറര്‍ ആണ് സന്തോഷ്.
