കാസര്‍കോട്: ഒളയം ജുമാമസ്ജിദിലെ ഉറൂസിന്റെ പ്രചരണാര്‍ത്ഥം സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡ് രാത്രിയുടെ മറവില്‍ കീറി നശിപ്പിച്ച യുവാവിനെതിരെ കുമ്പള പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അടുക്കയിലെ അബ്ദുല്‍ സത്താറിന്റെ പരാതി പ്രകാരം കുബണൂര്‍, പച്ചമ്പളയിലെ ഫായിസി(24)നെതിരെയാണ് 153 (എ) പ്രകാരം കേസെടുത്തത്. ഇതോടെ ഇയാള്‍ ഒളിവില്‍ പോയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മെയ് ഒന്നിന് രാത്രി 10.45 മണിയോടെ അടുക്ക, വീരനഗറിലാണ് കേസിനാസ്പദമായ സംഭവം. അക്രമം ചിലര്‍ നേരില്‍ കണ്ടതാണ് പ്രതിയെ തിരിച്ചറിയാനിടയാക്കിയത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ വിഭാഗീയതയും വര്‍ഗീയ ലഹളയും ഉണ്ടാകണമെന്ന ഉദ്ദേശത്തോടെയാണ് ഫ്‌ളക്‌സ് കീറിയതെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
