കുമ്പള: ദേശീയ പാതയിലെ ടോള്‍ ബൂത്ത് സംബന്ധിച്ച നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ക്കെതിരായി കുമ്പളയില്‍ ടോള്‍ ബൂത്ത് സ്ഥാപിക്കാനുള്ള നീക്കം കുമ്പളയിലെ മുസ്ലീംലീഗിനെയും യൂത്ത് ലീഗിനെയും പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചു.
ടോള്‍ ബൂത്ത് കുമ്പളയില്‍ സ്ഥാപിക്കാനുള്ള അധികൃത നീക്കത്തിനെതിരെ രണ്ടാഴ്ച മുമ്പു കുമ്പളയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം നിയമ- പ്രത്യക്ഷ സമരത്തിന് തീരുമാനിച്ചിരുന്നതായി ജനപ്രതികള്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്തുത തീരുമാനമെടുത്തു രണ്ടാഴ്ചയോളമായിട്ടും സമര പരിപാടികള്‍ സ്വീകരിക്കുയോ നിയമനടപടികള്‍ ആരംഭിക്കുകയോ ചെയ്യാത്തതില്‍ പ്രതിഷേധിച്ചു യൂത്ത് ലീഗ്- ലീഗ് പ്രാദേശിക പ്രവര്‍ത്തകര്‍ ജനപ്രതിനിധികളെ ഒഴിവാക്കിക്കൊണ്ടു ജനകീയ സമര സമിതി രൂപീകരിക്കാന്‍ തീരുമാനിക്കുകയും അതിനുള്ള തയ്യാറെടുപ്പു ആരംഭിക്കുകയും ചെയ്തതോടെ ലീഗിന്റെ ജനപ്രതിനിധികള്‍ ലീഗ് ജില്ലാ പ്രസിഡന്റിനെ സമ്മര്‍ദ്ദത്തില്‍ കുടുക്കി സമരപരിപാടികള്‍ നിറുത്തിവയ്പിക്കുകയായിരുന്നു. അതിനിടയില്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത സമരപരിപാടിയും തടഞ്ഞു.
അതേസമയം സി പി എം തിങ്കളാഴ്ച ഈ പ്രശ്‌നത്തില്‍ കുമ്പളയില്‍ പന്തംകൊളുത്തി പ്രകടനം ആഹ്വാനം ചെയ്തു. ഇത് ലീഗ് -യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് മറ്റൊരാഘാതമാവുകയും ചെയ്തു.
ടോള്‍ ബൂത്തിനെതിരെ സമരത്തിനു സര്‍വ്വകക്ഷിയോഗമാണ് തീരുമാനിച്ചതെന്നും ആ സാഹചര്യത്തില്‍ സര്‍വ്വകക്ഷികളെ പങ്കെടുപ്പിക്കാതെ ഒറ്റക്കൊറ്റക്കു സമരം നടത്തുന്നത് അനുചിതമാണെന്നുമായിരുന്നു സമരം മാറ്റി വയ്പിക്കുന്നതിനു ലീഗ് നേതൃത്വം എടുത്തുകാട്ടിയിരുന്നത്. എന്നാല്‍ അതേ സര്‍വ്വകക്ഷിയിലെ പ്രധാനഭാഗമായ സി പി എം ഒറ്റക്കു സമരാഹ്വാനം ചെയ്തതു എന്തുകൊണ്ടാണെന്നു ലീഗ്- യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആരായുന്നു. തങ്ങളെ സമരത്തില്‍ നിന്നു പിന്തിരിപ്പിച്ചവര്‍ സി പി എം ഒറ്റക്കു നടത്താന്‍ ആഹ്വാനം ചെയ്ത പന്തംകൊളുത്തി പ്രകടനത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാത്തതെന്താണെന്നും പ്രവര്‍ത്തകര്‍ ആരായുന്നുണ്ട്. ഇതിനിടയില്‍ ടോള്‍ബുത്ത് പ്രശ്‌നത്തില്‍ ഊരാളങ്കല്‍ സൊസൈറ്റിയും ലീഗിന്റെ ജനപ്രതിനിധികളും പരസ്പരം ഒത്തുകളിക്കുയുമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
കുമ്പള പഞ്ചായത്ത് മുസ്ലീംലീഗ് ഒറ്റക്കു വന്‍ ഭൂരിപക്ഷത്തോടെ ഭരിച്ചിരുന്ന പഞ്ചായത്താണെന്നും ഇപ്പോള്‍ ഈ പഞ്ചായത്ത് ലീഗ് ഭരിക്കുന്നത് എസ് ഡി പി ഐയുടെ ഔദാര്യം കൊണ്ടാണെന്ന കാര്യം ആരും മറക്കരുതെന്നും ലീഗ് -യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുന്നറിയിച്ചു.
പ്രശ്‌നങ്ങള്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാടു തങ്ങളെ ബോധ്യപ്പെടുത്തുന്നതിനു 100 അംഗ ലീഗ്- യൂത്ത് ലീഗ് സംഘം പാണക്കാട്ടേക്കു പോകാന്‍ തീരുമാനിച്ചിട്ടുണ്ടെന്നു പ്രവര്‍ത്തകര്‍ അറിയിച്ചു.
