കൊച്ചി: കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ സംവിധായകർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. ഒട്ടേറെ ഹിറ്റ് സിനിമകളുടെ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ ഇവർക്കൊപ്പമുണ്ടായിരുന്ന ഖാലിദ് മുഹമ്മദ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരിൽ നിന്നു കണ്ടെടുത്തു. ഇവർ താമസിച്ചിരുന്ന കൊച്ചിയിലെ ഫ്ലാറ്റിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഞായറാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് കഞ്ചാവു പിടികൂടിയത്. ഛായാഗ്രഹകൻ സമീർ താഹിറിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റാണിത്. മൂവരെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. ഇവർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് എക്സൈസ് പ്രതികരിച്ചു. ലഹരി ഉപയോഗിക്കാൻ തയാറെടുക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.’തല്ലുമാല’, ‘ഉണ്ട’, ‘അനുരാഗകരിക്കിൻ വെള്ളം’ ഉൾപ്പെടെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. ഇയാൾ സംവിധാനം ചെയ്ത ‘ആലപ്പുഴ ജിംഖാന’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് അറസ്റ്റ്. ‘തമാശ’, ‘ഭീമന്റെ വഴി’, ‘സുലൈഖ മൻസിൽ’ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ.
