കോട്ടയം: കോട്ടയത്തെ പ്രമുഖ ഓഡിറ്റോറിയമായ ‘ഇന്ദ്രപ്രസ്ഥ’ ത്തിന്റെ ഉടമ വിജയകുമാറിനെയും ഭാര്യ ഡോ. മീരയെയും അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. ആസാം സ്വദേശിയായ അമിത് ഉറാങ്ങ് ആണ് പിടിയിലായത്. തൃശൂര്‍, മാളയിലെ കോഴി ഫാമില്‍ വച്ചാണ് ഗാന്ധിനഗര്‍ പൊലീസ് ബുധനാഴ്ച പുലര്‍ച്ചെ ഇയാളെ അറസ്റ്റു ചെയ്തത്.
മുന്‍ വൈരാഗ്യമാണ് ഇരട്ടക്കൊലപാതകത്തിനു ഇടയാക്കിയതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളുവെന്നു അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു.
വിജയകുമാറിനെയും ഭാര്യയെയും കൊല്ലാനുപയോഗിച്ച കോടാലിയില്‍ നിന്നു കണ്ടെത്തിയ വിരലടയാളം അമിതിന്റേതാണെന്നു സ്ഥിരീകരിച്ചു. വാതിലിലും വീടിനകത്തു നിന്നും നിരവധി വിരലടയാളങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണ് നടന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ശനിയാഴ്ച മുതല്‍ കോട്ടയം നഗരത്തിലെ ഒരു ലോഡ്ജില്‍ താമസിച്ചാണ് പ്രതി ഇരട്ടക്കൊലപാതകം ആസൂത്രണം ചെയ്തത്. ഇതിനിടയില്‍ പലതവണ വിജയകുമാറിന്റെ വീട്ടുപരിസരത്ത് എത്തിയ പ്രതി കാര്യങ്ങളെല്ലാം നിരീക്ഷിക്കുകയും ചെയ്തു. തിങ്കളാഴ്ച ലോഡ്ജിലെ മുറി ഒഴിഞ്ഞു. തുടര്‍ന്ന് കോട്ടയം റെയില്‍വെ സ്‌റ്റേഷനിലെത്തി പ്ലാറ്റ്‌ഫോം ടിക്കറ്റെടുത്ത് അകത്തു കയറി. രാത്രിയില്‍ അവിടെ നിന്നു പുറത്തിറങ്ങിയാണ് വിജയകുമാറിനെയും ഭാര്യയേയും അതിക്രൂരമായി കൊലപ്പെടുത്തിയത്. പ്രതി ലോഡ്ജില്‍ നിന്ന് ഇറങ്ങുന്നതിന്റെയും റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയതിന്റെയും ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.
