ചെന്നൈ: ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ച പിതാവിനെ 29 കാരന്‍ കുത്തിക്കൊലപ്പെടുത്തി. പുളിയന്തോപ്പ് കെപി പാര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന എം.ബാലു (50) ആണു മരിച്ചത്. മദ്യലഹരിയില്‍ മകന്‍ കാര്‍ത്തിക്കാണ് കൊലപാതകം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വാക്കേറ്റത്തിനിടെ കാര്‍ത്തിക്കിന്റെ ഭാര്യയെക്കുറിച്ച് ബാലു മോശമായി സംസാരിച്ചു. ഇതേതുടര്‍ന്ന് പ്രകോപിതനായ കാര്‍ത്തിക് ബാലുവിനെ കത്തി കൊണ്ടു കുത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലു, സ്വയം കുത്തി പരിക്കേറ്റതായാണ് ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. ചികിത്സക്കിടെ ബാലു മരിച്ചു. സംശയത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ബാലു മരിച്ചവിവരം ബേസിന്‍ ബ്രിഡ്ജ് പൊലീസിനെ അറിയിക്കുകയും അവര്‍ അന്വേഷണം നടത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കാര്‍ത്തിക് കുറ്റം സമ്മതിച്ചു. കാര്‍ത്തിക്കിനെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സ്ഥിരമായി മദ്യലഹരിയില്‍ വീട്ടിലെത്തുന്ന ബാലുവും മകന്‍ കാര്‍ത്തിക്കും തമ്മില്‍ വഴക്ക് പതിവാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബാലു 9-ാം നിലയിലും മകന്‍ കാര്‍ത്തിക് കുടുംബത്തോടൊപ്പം അതേ കെട്ടിടത്തിലെ 11-ാം നിലയിലുമാണ് താമസിച്ചിരുന്നത്.
