കാസര്‍കോട്: വീടിനോട് ചേര്‍ന്ന ഓലമേഞ്ഞ പന്തലിന് തീപിടിച്ച് പന്തലിലുണ്ടായിരുന്ന ബൈക്കുകള്‍ കത്തി നശിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെ ബദിയടുക്ക മുണ്ടോട് നാരായണന്‍ നായിക്കിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വാര്‍പ്പ് വീടിനോട് ചേര്‍ന്നാണ് ഓലമേഞ്ഞ പന്തല്‍ പണിതിട്ടുണ്ടായിരുന്നത്. ഓല മേഞ്ഞ പന്തലിന് ഇലക്ട്രിക് ഷോട്ട് സര്‍ക്യൂട്ട് മൂലം തീ പിടിക്കുകയും പന്തലില്‍ ഉണ്ടായിരുന്ന സ്പ്ലണ്ടര്‍, കെടിഎം 200 എന്നീ ബൈക്കുകള്‍ക്ക് തീപിടിക്കുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് കാസര്‍കോട് അഗ്‌നി രക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വിഎന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എം രമേശ, അമല്‍രാജ് ടി, മുഹമ്മദ് സിറാജുദ്ദീന്‍ പിസി, വുമണ്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അരുണ പി നായര്‍, ഹോം ഗാര്‍ഡ് വി രാജു എന്നിവര്‍ ചേര്‍ന്ന് തീയണച്ചു.
