കൊല്ലം: കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈന്‍ (34) ആണ് മരിച്ചത്. നിയന്ത്രണംവിട്ട കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ച ടെനി ജോപ്പനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണ്‍ സ്റ്റാഫ് ആയിരുന്നു ഇയാൾ.ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറോടെ പുത്തൂർ-കൊട്ടാരക്കര റോഡിൽ അവണൂർ കശുവണ്ടി ഫാക്ടറിക്കു സമീപമായിരുന്നു അപകടം. വെണ്ടാറിൽനിന്ന് കൊട്ടാരക്കരയിലേക്കു വരികയായിരുന്ന ജോപ്പന്റെ കാർ റോഡിന്റെ വലതുഭാഗം കടന്ന് എതിരേ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഓടയിലേക്കു തെറിച്ചുവീണ ഷൈൻകുട്ടനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നിയന്ത്രണംവിട്ട കാർ മറിഞ്ഞ് താഴ്ചയിലുള്ള വീടിനു മുകളിലേക്ക് ഇടിച്ചുകയറി. കുറ്റകരമായ നരഹത്യാ കുറ്റം ചുമത്തി ടെനി ജോപ്പന് എതിരെ പൊലീസ് കേസെടുത്തു. വെൽഡിങ് തൊഴിലാളിയാണ് ഷൈൻകുട്ടൻ. അച്ഛൻ: മണിക്കുട്ടൻ. അമ്മ: ഉഷാദേവി.
